എഫെസ്യർ
ഗ്രന്ഥകര്‍ത്താവ്
എഫെ. 1:1 പ്രകാരം അപ്പോസ്തലനായ പൗലോസാണ് ഗ്രന്ഥകാരൻ സഭയുടെ പ്രാരംഭ നാളുകളിൽതന്നെ പൗലോസ് ഈ ലേഖനമെഴുതി എന്ന് അപ്പോസ്തലിക പിതാക്കന്മാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് (റോമിലെ ക്ലെമന്ത്, ഇഗ്നാത്തിയോസ്, ഹെര്‍മാസ്, പോളികാര്‍പ്).
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രിസ്താബ്ദം 60 റോമിലെ കാരാഗ്രഹ വാസ കാലത്തായിരിക്കാം പൗലോസ് ഈ ലേഖനം എഴുതുന്നത്.
സ്വീകര്‍ത്താവ്
എഫെസോസിലെ സഭ അതുപോലെ തന്നെ ജാതികൾ ആയിട്ടുള്ള വായനക്കാരെയും പൗലോസ് ലക്ഷ്യമാക്കുന്നു. എഫെ. 2:11-13, ല്‍ തന്റെ വായനക്കാരെ “പ്രകൃതിയാല്‍ ജാതികള്‍” “വാഗ്ദാനത്തിന്റെ നിയമങ്ങള്‍ക്ക് അന്യരും” എന്ന് പരാമര്‍ശിച്ചിരിക്കുന്നു. പൗലോസ് ഞാൻ ജാതികളായ നിങ്ങൾക്ക് വേണ്ടി തടവിലായിരുന്ന (3:1).
ഉദ്ദേശം
ക്രിസ്തുവിന് സമാനമായ പക്വത പ്രാപിക്കാൻ ആഗ്രഹിക്കുന്നവർ ഈ ലേഖനത്തെ അംഗീകരിക്കും യഥാർത്ഥ ദൈവമക്കൾ എന്ന നിലവാരത്തിലേക്ക് ആയി തീരണമെങ്കിൽ ആത്മീയ അച്ചടക്കം കൂടിയേ തീരൂ. ദൈവത്തിൻറെ വിളിയെ അനുസരിച്ച് ദൈവ പദ്ധതിയെ നിവർത്തിക്കുവാൻ ഒരു വ്യക്തിയെ ഈ ലേഖനം പ്രാപ്തനാക്കുന്നു. സഭയുടെ സ്വഭാവത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും മനസ്സിലാക്കി തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുവാനുള്ള പ്രബോധനം. ചില പ്രത്യേക ശൈലിയിലുള്ള പരാമർശങ്ങൾ ഒരുപക്ഷേ ജാതിയ വായനക്കാർക്ക് പഴയ മതവുമായി പരിചിതമായിരുന്നിരിക്കാം ഉദാഹരണത്തിന്, ശിരസ്സും ശരീരവും, നിറവ്, മര്‍മ്മങ്ങള്‍ യുഗങ്ങൾ. എന്നിവ പൗലോസ് ഈ പദങ്ങൾ ഉപയോഗിക്കുന്നതിന്റെ ലക്ഷ്യം യേശുക്രിസ്തു സകല അധികാരങ്ങള്ക്കും സകലദേവന്മാർക്കും മീതെ ഉന്നതൻ എന്ന് പ്രസ്താവിക്കുന്നു.
പ്രമേയം
ക്രിസ്തുവിലുള്ള അനുഗ്രഹം
സംക്ഷേപം
1. വന്ദനം — 1:1-2
2. നന്ദിപ്രകടനവും പ്രാർത്ഥനയും — 1:15-23
3. പ്രായോഗിക ജീവിതവും വിശ്വാസ ജീവിതവും — 4-6
4. വിശ്വാസികളുടെ സംരക്ഷണം — 10:1-13:10
5. ഉപസംഹാരം — 6:21-24
1
അഭിവാദനം
ദൈവഹിതത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസ് എഫെസൊസിലുള്ള വിശുദ്ധർക്കും ക്രിസ്തുയേശുവിൽ വിശ്വസിക്കുന്നവർക്കും എഴുതുന്നത്: നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
ക്രിസ്തുവിലുള്ള ആത്മികാനുഗ്രഹം
സ്വർഗ്ഗത്തിലെ എല്ലാവിധ ആത്മികാനുഗ്രഹങ്ങളാലും ക്രിസ്തുവിൽ നമ്മെ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.
അത്, നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകുന്നതിനുവേണ്ടി, അവൻ നമ്മെ ലോകസ്ഥാപനത്തിന് മുമ്പെ ക്രിസ്തുവിൽ തിരഞ്ഞെടുത്തപ്രകാരമത്രേ.
തിരുഹിതത്തിന്റെ പ്രസാദപ്രകാരം, യേശുക്രിസ്തു മുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്, അവൻ പ്രിയനായവനിൽ നമുക്ക് സൗജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചയ്ക്കായി, സ്നേഹത്തിൽ നമ്മെ മുന്നിയമിക്കുകയും ചെയ്തുവല്ലോ; അവനിൽ നമുക്ക് തന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്. അത്, അവൻ നമ്മോട് ധാരാളമായി കാണിച്ച കൃപാധനപ്രകാരമത്രേ. അവനിൽ താൻ മുന്നിൎണ്ണയിച്ച തന്റെ പ്രസാദത്തിനു തക്കവണ്ണം തന്റെ ഹിതത്തിന്റെ മർമ്മം സകലജ്ഞാനത്തിലും വിവേകത്തിലും അവൻ നമ്മോട് അറിയിച്ചു. 10 അത് സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകലവും ക്രിസ്തുവിൽ ഒന്നായിച്ചേർക്കുക എന്ന കാലസമ്പൂർണ്ണതയിലെ വ്യവസ്ഥയ്ക്കുവേണ്ടി തന്നെ. 11 അവനിൽ നാം അവകാശവും പ്രാപിച്ച്, തന്റെ ഹിതത്തിന്റെ ആലോചനപോലെ സകലവും പ്രവർത്തിക്കുന്നവന്റെ നിർണ്ണയപ്രകാരം ക്രിസ്തുവിൽ നാം മുൻനിയമിക്കപ്പെടുകയും ചെയ്തു. 12 അത്, ക്രിസ്തുവിൽ മുന്നമേ ആശവച്ചവരായ ഞങ്ങൾ അവന്റെ മഹത്വത്തിന്റെ പുകഴ്ചയ്ക്കാകേണ്ടതിന് തന്നെ. 13 അവനിൽ നിങ്ങളും, നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം കേട്ട്, വിശ്വസിക്കുകയും ചെയ്തിട്ട്, 14 തന്റെ മഹത്വത്തിന്റെ പുകഴ്ചയ്ക്കായി, തന്റെ സ്വന്ത ജനത്തിന്റെ വീണ്ടെടുപ്പിനായുള്ള നമ്മുടെ അവകാശത്തിന്റെ ഉറപ്പായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിടപ്പെട്ടിരിക്കുന്നു.
കൃതജ്ഞതയും പ്രാർത്ഥനയും
15 അതുനിമിത്തം നിങ്ങൾക്ക് കർത്താവായ യേശുവിലുള്ള വിശ്വാസത്തെയും, സകലവിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ച് ഞാൻ കേട്ടിട്ട്, 16 എന്റെ പ്രാർത്ഥനയിൽ നിങ്ങളെ ഓർത്ത്, നിങ്ങൾക്ക് വേണ്ടി ഇടവിടാതെ സ്തോത്രം ചെയ്യുന്നു. 17 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ, ജ്ഞാനത്തിന്റെയും വെളിപാടിന്റെയും ആത്മാവിനെ നിങ്ങൾക്ക് തരുമാറാകട്ടെ. 18 നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട്, അവന്റെ വിളിയാലുള്ള ആശ എന്തെന്നും, വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം എന്തെന്നും, 19 വിശ്വസിക്കുന്ന നമുക്കുവേണ്ടിയുള്ള അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം എന്തെന്നും നിങ്ങൾ അറിയേണ്ടതിനും പ്രാർത്ഥിക്കുന്നു. അവന്റെ ബലത്തിൻ വല്ലഭത്വത്താൽ പ്രവർത്തിക്കുന്ന ആ ശക്തി തന്നെ 20 ക്രിസ്തുവിലും പ്രവർത്തിച്ച് അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കുകയും, 21 എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും ശക്തിക്കും കർത്തൃത്വത്തിനും, ഈ ലോകത്തിൽ മാത്രമല്ല, വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകലനാമത്തിനും അത്യന്തം മീതെയായി സ്വർഗ്ഗസ്ഥലങ്ങളിൽ, തന്റെ വലത്തുഭാഗത്ത് ഇരുത്തുകയും ചെയ്തു. 22 സർവ്വവും അവന്റെ കാൽക്കീഴാക്കിവയ്ക്കുകയും, 23 എല്ലാറ്റിലും എല്ലാം നിറയ്ക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭയ്ക്കായി സർവ്വത്തിനും മീതെ അവനെ തലയാക്കുകയും ചെയ്തിരിക്കുന്നു.