ഹോശേയ
ഗ്രന്ഥകര്‍ത്താവ്
ഈ പുസ്തകത്തിലെ മിക്ക സംഗതികളും ഹോശേയ പ്രവാചകന്റെ സന്ദേശങ്ങളാണ്. ഈ പുസ്തകം അദ്ദേഹം തന്നെ എഴുതിയതാണോ എന്നുള്ളത് വ്യക്തമല്ല എങ്കിലും ഈ സന്ദേശത്തിന്റെ പ്രസക്തി മനസിലാക്കിയ പിന്ഗാമികളില്‍ ആരെങ്കിലുമാകാം എഴുതിയത്. രക്ഷ എന്നാണ് ഹോശേയ എന്ന പേരിന്റെ അർത്ഥം മറ്റേത് പ്രവാചകന്മാരെക്കാളും ഇദ്ദേഹത്തിൻറെ ശുശ്രൂഷ വ്യക്തി ജീവിതവുമായി വളരെ അടുത്തുനിൽക്കുന്ന ഒന്നാണ്. താൻ വിവാഹം കഴിച്ച സ്ത്രീ തന്നെ വഞ്ചിക്കും എന്ന് മനസ്സിലാക്കിയ പ്രവാചകൻ സന്തതികൾക്ക് ന്യായവിധിയുടെ സന്ദേശം ധ്വനിക്കുന്ന പേരുകൾ നൽകി. തന്റെ ജീവിതമായിരുന്നു അദ്ദേഹത്തിന്റെ സന്ദേശവും.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 750-710.
പ്രവാചകന്റെ സന്ദേശങ്ങൾ ശേഖരിച്ചു പകർത്തി എഴുതപ്പെട്ടവയാണ് പുസ്തകത്തിന്‍റെ സമാഹരണം എപ്പോൾ സംഭവിച്ചു എന്നുള്ളത് വ്യക്തമല്ല എങ്കിലും ഒരു യെരുശലേമിന്റെ നാശത്തിന് മുൻപ് സംഭവിച്ചു എന്നുള്ളത് മനസ്സിലാക്കാം.
സ്വീകര്‍ത്താവ്
ഇതിൻറെ യഥാർത്ഥശ്രോതാക്കൾ വടക്കേ യിസ്രായേൽ രാജ്യത്തെ ജനങ്ങളാണ്. ന്യായവിധിയെകുറിച്ചുള്ള മുന്നറിയിപ്പും മാനസാന്തരപ്പെടുവാൻ ഉള്ള ആഹ്വാനവും, പുനസ്ഥാപനത്തെക്കുറിച്ചുള്ള വാഗ്ദാനവുമാണ് പ്രവാചകന്‍റെ വാക്കുകൾ.
ഉദ്ദേശം
ദൈവസന്നിധിയിൽ വിശ്വസ്തതയുടെ പ്രധാന്യത്തെയാണ് പ്രവാചകൻ യിസ്രായേൽ ജനത്തെയും വായനക്കാരെയും ഓർമിപ്പിക്കുന്നത് യാഹോവയാണ് ഏക സത്യദൈവം. അവൻ സത്യസന്ധതയാണ് ആവശ്യപ്പെടുന്നത് പാപം ന്യായവിധിയെ കൊണ്ടുവരുന്നു. വരാൻപോകുന്ന ശത്രുവിന്റെ അധിനിവേശത്തെയും അടിമത്തത്തെയും കുറിച്ച് പ്രവാചകൻ മുന്നറിയിപ്പ് നൽകുന്നു. പൊള്ളയായ വാഗ്ദാനങ്ങൾ നൽകുവാൻ ദൈവം മനുഷ്യനല്ല യിസ്രായേൽജനം ദൈവത്തെ അപേക്ഷിച്ചെങ്കിലും അവരെ ഉപേക്ഷിക്കാതെ അവയ്ക്ക് പുനസ്ഥാപനത്തിനുവേണ്ടി ദൈവം വഴിയൊരുക്കുന്നു. പ്രവാചകന്റെ അവിശ്വസ്തയായ ഭാര്യയോട് കാണിക്കുന്ന സ്നേഹത്തിന് സമാനമാണ് വിഗ്രഹാരാധകരായ ജനത്തോട് ദൈവം കാണിക്കുന്ന സ്നേഹം. പാപത്തിന്റെയും ന്യായവിധിയുടെയും പശ്ചാത്തലത്തിലാണ് ക്ഷമിക്കുന്ന ദൈവ സ്നേഹത്തിന്റെ പ്രസക്തി.
പ്രമേയം
അവിശ്വസ്തത
സംക്ഷേപം
1. ഹോശേയയുടെ അവിശ്വസ്തയായ ഭാര്യ — 1:1-11
2. യിസ്രായേൽ ജനത്തിന്മേല്‍ ദൈവത്തിൻറെ കോപവും ന്യായവിധിയും — 2:1-23
3. ദൈവം തന്റെ ജനത്തെ വീണ്ടെടുക്കുന്നു — 3:1-5
4. ഇസ്രായേലിന്റെ അവിശ്വസ്തത ഇസ്രായേലിനോടുള്ള — 4:1-10:15
5. ദൈവത്തിൻറെ സ്നേഹവും പുനഃസ്ഥാപനവും — 11:1-14:9
1
1 ഉസ്സീയാവ്, യോഥാം, ആഹാസ്, ഹിസ്കീയാവ് എന്നീ യെഹൂദാ രാജാക്കന്മാരുടെ കാലത്തും യിസ്രായേൽ രാജാവായ യോവാശിന്റെ മകൻ യൊരോബെയാമിന്റെ കാലത്തും ബെയേരിയുടെ മകനായ ഹോശേയെക്ക് ഉണ്ടായ യഹോവയുടെ അരുളപ്പാട്.
2 യഹോവ ഹോശേയ മുഖാന്തരം സംസാരിച്ചു തുടങ്ങിയപ്പോൾ, യഹോവ ഹോശേയയോട്: “നീ ചെന്ന് പരസംഗം ചെയ്യുന്ന ഒരു ഭാര്യയെയും പരസംഗത്തിൽ ജനിച്ച മക്കളെയും എടുക്കുക; ദേശം യഹോവയെ വിട്ടുമാറി കഠിന പരസംഗം ചെയ്തിരിക്കുന്നുവല്ലോ” എന്ന് കല്പിച്ചു.
3 അങ്ങനെ അവൻ ചെന്ന് ദിബ്ലയീമിന്റെ മകളായ ഗോമരിനെ പരിഗ്രഹിച്ചു; അവൾ ഗർഭംധരിച്ച് അവന് ഒരു മകനെ പ്രസവിച്ചു.
4 യഹോവ അവനോട്: “അവന് യിസ്രായേൽ എന്ന് പേര് വിളിക്കണം; ഇനി കുറെക്കാലം കഴിഞ്ഞിട്ട് ഞാൻ യിസ്രായേലിന്റെ രക്തപാതകങ്ങൾ യേഹൂഗൃഹത്തെ സന്ദർശിച്ച് യിസ്രായേൽ ഗൃഹത്തിന്റെ രാജത്വം അവസാനിപ്പിക്കും;
5 അന്നാളിൽ ഞാൻ യിസ്രായേൽ താഴ്വരയിൽവച്ച് യിസ്രായേലിന്റെ വില്ല് ഒടിച്ചുകളയും” എന്ന് അരുളിച്ചെയ്തു.
6 അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകളെ പ്രസവിച്ചു. യഹോവ അവനോട്: “അവൾക്കു ലോരൂഹമാ എന്ന് പേര് വിളിക്കണം; ഞാൻ ഇനി യിസ്രായേൽ ഗൃഹത്തോട് ക്ഷമിക്കുവാൻ തക്കവണ്ണം അവരോട് ഒട്ടും കരുണ കാണിക്കുകയില്ല.
7 എന്നാൽ യെഹൂദാഗൃഹത്തോട് ഞാൻ കരുണ കാണിച്ച്, അവരെ വില്ലുകൊണ്ടോ വാൾകൊണ്ടോ യുദ്ധംകൊണ്ടോ കുതിരകളെക്കൊണ്ടോ കുതിരപ്പടയാളികളെക്കൊണ്ടോ രക്ഷിക്കാതെ അവരുടെ ദൈവമായ യഹോവയെക്കൊണ്ട് അവരെ രക്ഷിക്കും” എന്ന് അരുളിച്ചെയ്തു.
8 അവൾ ലോരൂഹമയെ മുലകുടി മാറ്റിയശേഷം വീണ്ടും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു.
9 അപ്പോൾ യഹോവ: “അവന് ലോ-അമ്മീ എന്ന് പേര് വിളിക്കണം; നിങ്ങൾ എന്റെ ജനമല്ല, ഞാൻ നിങ്ങൾക്ക് ദൈവമായിരിക്കുകയുമില്ല” എന്ന് അരുളിച്ചെയ്തു.
10 എങ്കിലും യിസ്രായേൽ മക്കളുടെ എണ്ണം അളക്കുവാനും എണ്ണുവാനും കഴിയാത്ത കടല്ക്കരയിലെ മണൽ പോലെയായിരിക്കും; ‘നിങ്ങൾ എന്റെ ജനമല്ല’ എന്ന് അവരോട് അരുളിച്ചെയ്തതിന് പകരം ‘നിങ്ങൾ ജീവനുള്ള ദൈവത്തിന്റെ മക്കൾ’ എന്ന് അവരോട് പറയും.
11 യെഹൂദാമക്കളും യിസ്രായേൽമക്കളും ഒന്നിച്ചുകൂടി തങ്ങൾക്കു ഒരു തലവനെ നിയമിച്ച് ദേശത്തുനിന്ന് പുറപ്പെട്ടുപോകും; യിസ്രായേലിന്റെ നാൾ വലുതായിരിക്കുമല്ലോ.