യോനാ
ഗ്രന്ഥകര്‍ത്താവ്
യോനാ പ്രവാചകനാണ് ഈ പുസ്തകം എഴുതിയത്. നസ്രെത്തിനടുത്തുള്ള ഗെത്ത് ഹേഫര് എന്ന പട്ടണത്തിൽ നിന്നാണ് യോന വരുന്നത്. യോനാ വടക്കൻ രാജ്യമായ ഇസ്രായേലിലാണ് വളര്‍ന്നത്. ദൈവത്തിൻറെ ക്ഷമയും ദയാവായ്പും തന്നെ അനുസരിക്കുന്നവർക്ക് മറ്റൊരു അവസരം കൂടി കൊടുക്കുവാനുള്ള ദൈവത്തിൻറെ മനസ്സും ആണ് യോനയുടെ പുസ്തകത്തിലെ പ്രധാന സന്ദേശങ്ങൾ.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 793-450.
ഈ കഥ യിസ്രായേലിൽനിന്ന് ആരംഭിച്ച് മധ്യധരണിയാഴിയുടെ യോപ്പ തുറമുഖത്തേക്ക് നീങ്ങുന്നു അവിടെനിന്ന് അശ്ശുരിന്റെ തലസ്ഥാനമായ ടൈഗ്രീസിന്റെ തീരത്ത് നിനവേയില്‍ അവസാനിക്കുന്നു.
സ്വീകര്‍ത്താവ്
യിസ്രായേൽ ജനവും ഭാവിയിലെ ബൈബിൾ വായനക്കാരുമാണ് യോനയുടെ പുസ്തകത്തിന്റെ ശ്രോതാക്കൾ.
ഉദ്ദേശം.
ഈ പുസ്തകത്തിന്റെ പ്രധാന പ്രമേയങ്ങൾ പ്രതികാരം, അനുസരണക്കേട്. തിമിംഗലത്തിന്റെ ഉദരത്തിൽ അകപ്പെട്ട് നിലവിളിക്കുന്ന യോനയുടെ അനുതാപം വ്യത്യസ്തമായ വിടുതലിന്റെ അനുഭവം അദ്ദേഹത്തിന് നല്കുന്നു. പ്രവാചകന്റെ മറുതലിപ്പ് വ്യക്തിപരമായും നിനവെയുടെയും ഉണര്‍വ്വിലേക്ക് കാരണമായി. ദൈവത്തിൻറെ സന്ദേശം മുഴുലോകത്തിനും ഉള്ളതാണ് ഒരു പ്രത്യേക സമൂഹത്തിനു വേണ്ടി മാത്രമുള്ളതല്ല. സത്യസന്ധമായ അനുതാപമാണ് ദൈവം ആവശ്യപ്പെടുന്നത് ദൈവം അംഗീകരിക്കുന്നത് ഹൃദയത്തിന്റെ സത്യസന്ധതയാണ് അല്ലാതെ മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള നല്ല പ്രവർത്തികൾ അല്ല.
പ്രമേയം
ദൈവകൃപ എല്ലാവർക്കും
സംക്ഷേപം
1. യോനയുടെ അനുസരണക്കേട് — 1:1-14
3. തിമിംഗലം യോനയെ വിഴുങ്ങുന്നു — 1:15, 16
3. യോനയുടെ മാനസാന്തരം — 1:17-2:10
4. നിനവെയിലെ യോനയുടെ പ്രസംഗം — 3:1-10
5. ദൈവത്തിൻറെ അനുകമ്പയും യോനയുടെ കോപവും — 4:1-11
1
1 അമിത്ഥായുടെ മകനായ യോനായ്ക്ക് യഹോവയുടെ അരുളപ്പാട് ഉണ്ടായത് ഇപ്രകാരമായിരുന്നു:
2 നീ മഹാനഗരമായ നീനെവേയിൽ ചെന്ന് അതിന് വിരോധമായി പ്രസംഗിക്കുക. അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു.
3 എന്നാൽ യോനാ യഹോവയുടെ വാക്കനുസരിച്ച് നിനവയിലേക്കു പോകാതെ യോപ്പ തുറമുഖത്തേക്കു ചെന്ന്, തർശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ട് യാത്രകൂലി കൊടുത്ത് യഹോവയുടെ സന്നിധിയിൽനിന്നും തർശീശിലേക്കു പൊയ്ക്കളയുവാൻ അതിൽ കയറി.
4 യഹോവ സമുദ്രത്തിൽ ഒരു കൊടുങ്കാറ്റ് അടിപ്പിച്ചു; കടൽ ക്ഷോഭിച്ചു. കപ്പൽ തകർന്നുപോകുന്ന അവസ്ഥയായി.
5 കപ്പലിൽ ഉള്ളവർ ഭയപ്പെട്ട് ഓരോരുത്തൻ താന്താന്റെ ദേവനോട് നിലവിളിച്ചു; കപ്പലിന് ഭാരം കുറക്കേണ്ടതിന് അവർ അതിലെ ചരക്ക് കടലിൽ എറിഞ്ഞുകളഞ്ഞു. യോനയോ കപ്പലിന്റെ അടിത്തട്ടിൽ കിടന്ന് സുഖമായി ഉറങ്ങുകയായിരുന്നു.
6 കപ്പിത്താൻ അവന്റെ അടുക്കൽവന്ന് അവനോട്: “നീ ഈ സമയത്തു ഉറങ്ങുന്നത് എന്ത്? എഴുന്നേറ്റ് നിന്റെ ദേവനെ വിളിച്ചപേക്ഷിക്ക. നാം നശിച്ചുപോകാതെ പക്ഷേ ദേവന് നമ്മെ കടാക്ഷിക്കും”.
7 അനന്തരം അവർ: വരുവിൻ; ആരുടെനിമിത്തം ഈ അനർത്ഥം നമ്മുടെമേൽ വന്നിരിക്കുന്നു എന്നറിയേണ്ടതിന് നാം നറുക്കിടുക എന്ന് തമ്മിൽതമ്മിൽ പറഞ്ഞു. അങ്ങനെ അവർ നറുക്കിട്ടു; യോനായ്ക്ക് നറുക്കു വീണു.
8 അവർ അവനോട് “ആരുടെനിമിത്തം ഈ അനർത്ഥം നമ്മുടെമേൽ വന്നു എന്ന് നീ പറഞ്ഞുതരേണം; നിന്റെ തൊഴിൽ എന്ത്? നീ എവിടെനിന്ന് വരുന്നു? നിന്റെ നാട് ഏത്? നീ ഏതു ജാതിക്കാരൻ?” എന്ന് ചോദിച്ചു.
9 അവൻ അവരോട് “ഞാൻ ഒരു എബ്രായൻ, കടലും കരയും ഉണ്ടാക്കിയ സ്വർഗ്ഗീയദൈവമായ യഹോവയെ ഞാൻ ഭജിച്ചുവരുന്നു” എന്നു പറഞ്ഞു. ദൈവകൽപ്പന ധിക്കരിച്ച് തിരുസന്നിധിയിൽനിന്ന് താൻ ഓടിപ്പോകയാണെന്ന് യോന അവരോട് പറഞ്ഞിരുന്നു.
10 അപ്പോൾ ആ പുരുഷന്മാർ അത്യന്തം ഭയപ്പെട്ട് അവനോട്: “നീ എന്തിന് അങ്ങനെ ചെയ്തു?” എന്ന് ചോദിച്ചു.
11 എന്നാൽ കടൽ മേല്ക്കുമേൽ അധികം ക്ഷോഭിച്ചതുകൊണ്ട് അവർ അവനോട്: “കടൽ ശാന്തമാവാൻ തക്കവണ്ണം ഞങ്ങൾ എന്ത് ചെയ്യേണ്ടു?” എന്ന് ചോദിച്ചു.
12 അവൻ അവരോട്: “എന്നെ എടുത്ത് കടലിൽ ഇടുക; അപ്പോൾ കടൽ അടങ്ങും; എന്റെ നിമിത്തം ഈ കടൽക്ഷോഭം ഉണ്ടായിരിക്കുന്നു എന്ന് ഞാൻ അറിയുന്നു” എന്നു പറഞ്ഞു.
13 യോനാ ഇങ്ങനെ പറഞ്ഞെങ്കിലും കപ്പൽ കരയ്ക്ക് അടുക്കേണ്ടതിന് അവർ ആഞ്ഞ് തണ്ടുവലിച്ചു; എങ്കിലും കടൽ വല്ലാതെ ക്ഷോഭിച്ചിരുന്നതിനാൽ അവർക്ക് അത് സാധിച്ചില്ല.
14 അവർ യഹോവയോടു നിലവിളിച്ചു: “അയ്യോ യഹോവേ, ഈ മനുഷ്യന്റെ ജീവൻനിമിത്തം ഞങ്ങൾ നശിച്ചുപോകരുതേ; എങ്കിലും നിർദ്ദോഷരക്തം ചൊരിയിച്ച കുറ്റം ഞങ്ങളുടെമേൽ വരുത്തരുതേ; യഹോവേ, നിനക്ക് ഇഷ്ടമായത് നീ ചെയ്തിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.
15 പിന്നെ അവർ യോനയെ എടുത്ത് കടലിൽ ഇട്ടുകളകയും കടലിന്റെ കോപം അടങ്ങുകയും ചെയ്തു.
16 അപ്പോൾ അവർ യഹോവയെ അത്യന്തം ഭയപ്പെട്ട് യഹോവക്കു യാഗം കഴിച്ചു; നേർച്ചകൾ നേർന്നു.
17 യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു വലിയ മത്സ്യത്തെ നിയോഗിച്ചിരുന്നു. യോനാ മൂന്നു രാവും മൂന്നു പകലും ആ മത്സ്യത്തിന്റെ വയറ്റിൽ കിടന്നു.