നഹൂം
ഗ്രന്ഥകര്‍ത്താവ്
നഹൂം പ്രവാചകന് ആണ് എഴുത്തുകാരൻ. എബ്രായ ഭാഷയിൽ “ഉപദേശകൻ,” “ആശ്വാസദായകൻ” എന്നർത്ഥം. (1:1). നഹൂമിന്റെ പ്രവചനം പ്രധാനമായും അശ്ശൂരിന്റെ തലസ്ഥാനമായ നിനവേയിലെ ജനങ്ങളോടാണ്. യോനാ പ്രവാചകനുശേഷം 150 വർഷങ്ങൾ കഴിഞ്ഞാണ് നിനവെയോടു മാനസാന്തരപ്പെടുവാൻ കര്‍ത്താവ് ആവശ്യപ്പെടുന്നത് അതിനർത്ഥം പിന്നെയും അവര്‍ വിഗ്രഹാരാധനയില്‍ വീണുപോയി എന്ന് മനസ്സിലാക്കാം.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 620-612.
നഹൂമിന്റെ കാലഘട്ടം പ്രധാനപ്പെട്ട രണ്ട് സംഭവങ്ങള്‍ക്കിടയിലാണ് ഇടയിലാണ് തേബേസിന്റെയും നിനവേയുടെയും പതനം.
സ്വീകര്‍ത്താവ്
ഈ പ്രവചനം അശ്ശൂരില്‍ പ്രവാസികൾ ആയിരിക്കുന്ന ഇസ്രായേൽ ജനത്തിനും അതുതന്നെ തങ്ങൾക്കും സംഭവിക്കാൻ പോകുന്നു എന്ന് ഭയപ്പെട്ടിരുന്ന യഹൂദജനത്തിനും വേണ്ടിയാണ്.
ഉദ്ദേശം
ദൈവത്തിൻറെ നീതി എപ്പോഴും ശരിയായതും ഉറപ്പുള്ളതുമാണ്. ദൈവത്തിന്റെ അന്ത്യ ന്യായവിധി നീതിയുക്തമായിരിക്കും അവന്റെ കരുണ ലഭിച്ചവരെല്ലാം വിധിക്ക് മുന്പില് തുല്യരായിരിക്കും. ദൈവം യോനയെ 180 വർഷങ്ങൾക്കു മുൻപ് നിനവെയിലേക്ക് അയച്ചു അവരുടെ പാപത്തെക്കുറിച്ച് ബോധ്യം വരുത്തി ആ കാലത്ത് ജീവിച്ചിരുന്ന ജനം മാനസാന്തരപ്പെട്ട്. ഇപ്പോള്‍ പഴയ വഴിയിലേക്ക് മുന്‍പെങ്ങും ഇല്ലാത്തതുപോലെ മടങ്ങിയിരിക്കുന്നു. കീഴടക്കുന്ന രാജ്യങ്ങളോട് അശ്ശൂര്യര്‍ കിരാതമായ രീതിയിലാണ് പെരുമാറിയിരുന്നത്. യഹൂദരെ ജനത്തോട് നഹും വിളിച്ചു പറഞ്ഞു ഇപ്രകാരമാണ് അശ്ശൂര്യരേ ഭയപ്പെടേണ്ട കാര്യമില്ല അവര്‍ക്കുള്ള ദൈവന്യായവിധി അധികം വൈകാതെ തന്നെ വന്നുചേരും.
പ്രമേയം
ആശ്വാസം
സംക്ഷേപം
1. ദൈവത്തിൻറെ പ്രതാപം — 1:1-14
2. നിനവെയും ദൈവത്തിൻറെ ന്യായവിധിയും — 1:15-3:19
1
1 നീനെവെ പട്ടണത്തെക്കുറിച്ചുള്ള പ്രവാചകം; എൽക്കോശ്യനായ നഹൂമിന്റെ ദർശനഗ്രന്ഥം.
2 ദൈവം തീക്ഷ്ണതയുള്ളവനും യഹോവ പ്രതികാരം ചെയ്യുന്നവനും ആകുന്നു; യഹോവ പ്രതികാരം ചെയ്യുന്നവനും കോപം നിറഞ്ഞവനുമാകുന്നു; അവിടുന്ന് തന്റെ വൈരികളോട് പ്രതികാരം ചെയ്യുകയും തന്റെ ശത്രുക്കൾക്കായി കോപം സംഗ്രഹിക്കുകയും ചെയ്യുന്നു.
3 യഹോവ ദീർഘക്ഷമയും മഹാശക്തിയും ഉള്ളവൻ; അവിടുന്ന് ഒരിക്കലും ശിക്ഷിക്കാതെ വിടുകയില്ല; യഹോവയുടെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും ഉണ്ട്; മേഘം അവിടുത്തെ കാൽക്കീഴിലെ പൊടിയാകുന്നു.
4 അവിടുന്ന് സമുദ്രത്തെ ശാസിച്ച് വറ്റിക്കുകയും സകലനദികളെയും ഉണക്കിക്കളയുകയും ചെയ്യുന്നു; ബാശാനും കർമ്മേലും വരളുന്നു; ലെബാനോന്റെ പുഷ്പം വാടിപ്പോകുന്നു.
5 അവിടുത്തെ മുമ്പിൽ പർവ്വതങ്ങൾ കുലുങ്ങുന്നു; കുന്നുകൾ ഉരുകിപ്പോകുന്നു; തിരുസാന്നിദ്ധ്യത്തിൽ ഭൂമി ഞെട്ടിപ്പോകുന്നു; ഭൂലോകവും അതിലെ സകലനിവാസികളും തന്നെ.
6 അവിടുത്തെ ക്രോധത്തിൻ മുമ്പിൽ ആർക്ക് നിൽക്കാം? അവിടുത്തെ ഉഗ്രകോപത്തിങ്കൽ ആർക്ക് നിവിർന്നുനിൽക്കാം? അവിടുത്തെ ക്രോധം തീപോലെ ചൊരിയുന്നു; അവിടുത്തെ സാന്നിദ്ധ്യത്താൽ പാറകൾ തകർന്നുപോകുന്നു.
7 യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു; തന്നിൽ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുന്നു.
8 എന്നാൽ കവിഞ്ഞൊഴുകുന്നോരു പ്രവാഹംകൊണ്ട് അവിടുന്ന് ആ പട്ടണത്തിന് നാശം വരുത്തും; തന്റെ ശത്രുക്കളെ അവിടുന്ന് അന്ധകാരത്തിൽ പിന്തുടരുന്നു.
9 നിങ്ങൾ യഹോവയ്ക്കു വിരോധമായി നിരൂപിക്കുന്നതെന്ത്? അവിടുന്ന് നാശം വരുത്തും; കഷ്ടത രണ്ടുപ്രാവശ്യം പൊങ്ങിവരുകയില്ല.
10 അവർ കൂടിപ്പിണഞ്ഞിരിക്കുന്ന മുള്ളുപോലെ ആയാലും, തങ്ങളുടെ മദ്യപാനത്തിൽ മദ്യപിച്ചിരുന്നാലും, അവർ മുഴുവനും ഉണങ്ങിയ വൈക്കോൽ പോലെ ദഹിപ്പിക്കപ്പെടും.
11 യഹോവയ്ക്കു വിരോധമായി ദോഷം നിരൂപിക്കുന്ന ദുഷ്ടനായ ആലോചനക്കാരൻ നിന്നിൽനിന്ന് പുറപ്പെട്ടിരിക്കുന്നു.
12 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവർ മഹാശക്തന്മാരും അനേകം പേരും ആയിരുന്നാലും അവർ അങ്ങനെ തന്നെ ഛേദിക്കപ്പെടുകയും അവൻ കഴിഞ്ഞുപോകുകയും ചെയ്യും. ഞാൻ നിന്നെ താഴ്ത്തി എങ്കിലും ഇനി നിന്നെ താഴ്ത്തുകയില്ല.
13 ഇപ്പോൾ ഞാൻ അവന്റെ നുകം നിന്റെമേൽനിന്ന് ഒടിച്ചുകളയും; നിന്റെ ബന്ധനങ്ങൾ അറുത്തുകളയുകയും ചെയ്യും”.
14 എന്നാൽ യഹോവ നിന്നെക്കുറിച്ച്: “നിന്റെ പേര് നിലനിർത്താൻ ഒരു സന്തതി നിനക്കുണ്ടാകുകയില്ല; കൊത്തിയുണ്ടാക്കിയ വിഗ്രഹത്തെയും വാർത്തുണ്ടാക്കിയ ബിംബത്തെയും നിന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽനിന്ന് ഞാൻ ഛേദിച്ചുകളയും; നീ നിസ്സാരനായിരിക്കുകയാൽ ഞാൻ നിന്റെ ശവക്കുഴി കുഴിക്കും” എന്ന് കല്പിച്ചിരിക്കുന്നു.
15 ഇതാ, പർവ്വതങ്ങളിന്മേൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാൽ; യെഹൂദയേ, നിന്റെ ഉത്സവങ്ങളെ ആചരിക്കുക; നിന്റെ നേർച്ചകളെ കഴിക്കുക; നിസ്സാരൻ ഇനി നിന്നിൽകൂടി കടക്കുകയില്ല; അവൻ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.